കളിവീട് – ഉദ്ഘാടനം – കെ.ടി.ആർ

യു.എ. ഇ. യിൽ ജൂലായ്, ഓഗസ്റ്റ് മാസങ്ങളിലെ വേനലവധി വന്നെത്തിയിരിക്കുകയാണ്. സ്‌കൂളുകൾ വേനലവധിക്കായി അടക്കുകയും, എല്ലാ വർഷങ്ങളെയും പോലെ ഈ വർഷത്തെ അവധിക്കാല ദിനങ്ങൾ നാട്ടിൽ ചെലവഴിക്കാനുള്ള അവസരം ലോകമെങ്ങുമുള്ള മഹാമാരി മൂലം പ്രവാസികൾക്കും, ഇവിടത്തെ കുട്ടികൾക്കും നഷ്ടപ്പെടുകയാണ്.

അങ്ങനെ കുട്ടികൾക്ക് വേണ്ടി അവരുടെ അവധിക്കാലം സന്തോഷത്തിന്റെയും വിനോദത്തിന്റെയും വിജ്ഞാനത്തിന്റെയും ഉല്ലാസ ദിനങ്ങൾ ആക്കി മാറ്റുവാൻ ബാലവേദിയുടെ നേതൃത്വത്തിൽ രണ്ട് മാസത്തെ 10 ആഴ്ചകളിലായി, എല്ലാ ശനിയാഴ്ചകളിലും രണ്ട് മണിക്കൂർ നേരത്തെ ഒരു ബാലവേദിക്കൂട്ടം (സമ്മർ ക്യാംപ്) രൂപപ്പെടുത്തുകയായിരുന്നു.

ആദ്യത്തെ ബാലവേദിക്കൂട്ടം ഓൺലൈൻ ആയി zoom പ്ലാറ്റഫോമിൽ, 2021 ജൂലായ് 3 നു, ശനിയാഴ്ച നാട്ടിൽ നിന്നും കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ മുൻ പ്രസിഡണ്ട് ആയ കെ. ടി. രാധാകൃഷ്ണൻ മാസ്റ്റർ, ആലീസിന്റെ അത്ഭുതലോകം എന്ന പേരിലുള്ള ആദ്യത്തെ സെഷ ഉദ്ഘാടനം നിർവ്വഹിച്ചു. കുട്ടികളോട് പാട്ടുകളും കഥകളുമായി സംസാരിക്കുകയും, അവരോട് വീട്ടിൽ ഒരു കളിവീട് നിർമ്മാണം ആരംഭിക്കാൻ മാഷ് പറയുകയും ചെയ്തു. ഈ ക്യാംപിന് കളിവീട് എന്ന് നാമകരണവും ചെയ്തു.

തുടർന്ന്, നാട്ടിൽ നിന്നും ഷീജ ടീച്ചർ കുട്ടികൾക്ക് കഥകൾ പറഞ്ഞു കൊടുക്കുകയും, ദുബായിൽ നിന്നും സിനി ടീച്ചർ കുട്ടികളുമായി യു.എ.ഇ.യിൽ വളരുന്ന ചെടികളെയും, ജീവിക്കുന്ന മൃഗങ്ങളെയും, പക്ഷികളെയും ഒക്കെ കുറിച്ച്, “ഭൂമിഗീതം” എന്ന സെഷനിൽ ഒരു സംവാദ ക്ലാസ് എടുത്തു.

അടുത്തതായി അബുദാബി പരിഷദ് പ്രവർത്തകനായ സുനിൽ.ഇ.പി. കുട്ടികളുമായി ശാസ്ത്ര പരീക്ഷണങ്ങളുടെ ഒരു പരീക്ഷണശാല എന്ന സെഷൻ സംവാദക്ലാസ്സായി നടത്തി.

കൂടാതെ കൃഷിയിടം എന്ന സെഷനിൽ ദുബായിൽ നിന്നും പരിഷദ് പ്രവർത്തകനായ ശ്രീജിത് കുട്ടികൾക്ക് അവോക്കാഡോവിന്റെ വിത്ത് മുളപ്പിക്കുന്ന ഒരു പ്രോജക്റ്റ് പങ്കുവെക്കുകയും ചെയ്തു.

ആദ്യ ലക്കം അവസാനിക്കുമ്പോൾ ഷീന സുനിൽ നന്ദി പറഞ്ഞു.

ഇങ്ങിനെ വിവിധ ഇനം ഭാഗങ്ങളായി തിരിച്ച്, ഓരോന്നിനും പ്രത്യേകം നാമകരണം ചെയ്ത് കുട്ടികളെ കൂടുതൽ ശാസ്ത്രീയമായി ചിന്തിക്കാനും പ്രവർത്തിക്കാനും, അത് സന്തോഷത്തിന്റെയും വിനോദത്തിന്റെയും വിജ്ഞാനത്തിൻേറയും രൂപത്തിൽ കുട്ടികളിലേക്ക് ശാസ്ത്രത്തിന്റെ അടിസ്ഥാന ആശയങ്ങൾ എത്തിക്കാനും കളിവീട് എന്ന ഈ സമ്മർക്യാംപ് തുടർച്ചയായി 10 ശനിയാഴ്ചകളിലായി പ്രവർത്തനം തുടർന്നു കൊണ്ടേയിരിക്കുന്നു.