ഷാർജ രാജ്യാന്തര പുസ്തകോത്സവം – 2021

പ്രിയ സുഹൃത്തേ…
ലോകത്തെ മൂന്നാമത്തെ വലിയ പുസ്തകമേളയായ ഷാർജ രാജ്യാന്തര പുസ്തകോത്സവത്തിൽ (2021 നവംബർ 3 മുതൽ 13 വരെ) ഈ വർഷവും കേരള ശാസ്ത്രസാഹിത്യ പരിഷത് പങ്കെടുക്കുന്ന വിവരം സന്തോഷപൂർവ്വം അറിയിയ്ക്കട്ടെ (ഹാൾ – 7, സ്റ്റാൾ ZC-17)

ശാസ്ത്രം സാമൂഹ്യവിപ്ലവത്തിന് എന്ന മുദ്രാവാക്യവുമായി കേരള ശാസ്ത്രസാഹിത്യ പരിഷത് കേരള സമൂഹത്തിലേക്ക് കടന്നുവന്നിട്ട് അറുപത് ആണ്ടുകൾ തികയുന്നു. ശാസ്ത്രം ജനന്മക്ക് എന്ന ലക്ഷ്യത്തോടെ ആശയപ്രചാരണത്തിനായി പരിഷത്ത് നൂറോളം ലഘുലേഖകൾ പ്രസിദ്ധീകരിക്കുകയും, 1100 ഓളം വിജ്ഞാന പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്. അങ്ങിനെ ശാസ്ത്രവിജ്ഞാനത്തിന്റെ സാർവ്വത്രികതയിലൂടെയും, സമഗ്രതയാർന്ന സാമൂഹ്യപരിവർത്തനങ്ങളുടെ മൂലശക്തിയായി പ്രവർത്തിച്ചും പൊതുജനസമൂഹത്തിലേക്ക് ഇറങ്ങി ചെല്ലാൻ കഴിഞ്ഞ ഒരു പ്രസ്ഥാനവും പ്രസിദ്ധീകരണ ശാലയുമാണ് ഇന്ന് ശാസ്ത്രസാഹിത്യ പരിഷത്.

എന്തുകൊണ്ട് എന്തുകൊണ്ട് എന്തുകൊണ്ട് എന്ന ജിജ്ഞാസാകോശവും വായിച്ചാലും വായിച്ചാലും തീരാത്ത പുസ്തകം എന്ന ബാലസാഹിത്യ കൃതിയും ഓർക്കാത്തവരായ മലയാളികൾ ആരുണ്ടാകും? ഒരുപക്ഷെ കുട്ടികൾക്കുള്ള പുസ്തകങ്ങളുടെ വലിയ ശേഖരം തന്നെ നിങ്ങൾക്ക് പരിഷത്തിൻ്റെ സ്റ്റാളിൽ ലഭ്യമാകും. അമ്മുവിൻ്റെ ഡാർവിൻ, ടോട്ടച്ചാൻ, മത്തൻ മണ്ണിര, അക്ഷരപ്പൂമഴ എന്നിങ്ങനെ കുട്ടികളുടെ ഒരു അത്ഭുതലോകം തന്നെ പുസ്തകങ്ങളിലൂടെ അവർക്കു മുന്നിൽ തുറന്നു വെക്കുന്നു. കൂടാതെ റഫറൻസ് പുസ്തകങ്ങൾ, ജനപ്രിയ വൈജ്ഞാനിക ഗ്രന്ഥങ്ങൾ തുടങ്ങി പതിനായിരകണക്കിന് കോപ്പികൾ പ്രചരിച്ച മറ്റു പുസ്തകങ്ങൾ വേറെയുമുണ്ടാകും.

ഇന്നത്തെ ഈ മഹാമാരിയുടെ പ്രത്യേക സാഹചര്യത്തിൽ മുൻകൂറായി കൂപ്പണുകൾ വാങ്ങി 30 % വരെ കൂടുതൽ തുകക്കുള്ള പുസ്തകങ്ങളോടെ അറിവിന്റെ ഈ ഉത്സവത്തിൽ പങ്കെടുക്കുവാനുള്ള സൗകര്യം ഒരുക്കുന്നുണ്ട്. പുസ്തകങ്ങൾ മുൻകൂട്ടി ബുക് ചെയ്യാം, പുസ്തകോത്സവത്തിൽ എത്തിച്ചേരാൻ ആവാത്തവർക്ക് പുസ്തകങ്ങൾ അവരുടെ പക്കൽ എത്തിക്കാനുള്ള മാർഗ്ഗവും ഒരുക്കുന്നുണ്ട്.

വിജ്ഞാനത്തിൻ്റെയും ബാലസാഹിത്യത്തിൻ്റെയും വൈജ്ഞാനിക ലോകം തുറന്നുവിടുന്ന ഈ പുസ്തകോത്സവത്തിലേക്ക് താങ്കളെ സ്നേഹപൂർവ്വം ക്ഷണിക്കുന്നു.
ആശയ പ്രചരണത്തോടൊപ്പം, പുസ്തക പ്രചരണവും ശാസ്ത്രസാഹിത്യ പരിഷതിൻ്റെ ഒരു മുഖ്യ പ്രവർത്തനമാണ്, സാമ്പത്തിക സമാഹരണ മാർഗ്ഗവുമാണ്.