പുതിയ നേതൃത്വത്തിന് അഭിവാദ്യങ്ങൾ

ചരിത്രം കുറിച്ച 59ാം സംസ്ഥാനസമ്മേളനം
കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ 59ാം സംസ്ഥാനസമ്മേളനം അവസാനിച്ചത് വജ്രജൂബിലി വർഷത്തിലേക്ക് വഴി തുറന്നു കൊണ്ടാണ്.. വജ്രജൂബിലി വാർഷിക സമ്മേളനം 2023 ൽ തൃശ്ശൂരിൽ വെച്ചാണ് നടക്കുക. ഒരു വർഷം നീളുന്ന നിരവധി പരിപാടികൾ സംസ്ഥാനമൊട്ടുക്ക് പൊതുവെയും തൃശൂരിൽ പ്രത്യേകമായും നടക്കേണ്ടതുണ്ട്. അതിനാവശ്യമായ ഊർജം സംഭരിച്ചു കൊണ്ടാണ് പ്രവർത്തകർ കടയിരുപ്പിൽ നിന്ന് തങ്ങളുടെ നാടുകളിലേക്ക് മടങ്ങിയത്.
സംഘാടനം, പങ്കാളിത്തം, ഉള്ളടക്കം എന്നിവയുടെ മികവ് എറണാകുളം ജില്ലയിലെ കടയിരുപ്പിൽ സമാപിച്ച സമ്മേളനത്തിന്റെ സവിശേഷതയായിരുന്നു. കടയിരുപ്പിലെ ശ്രീനാരായണ ഗുരുകുലം കോളേജ് ഓഫ് എൻജിനീയറിങ്ങിലെ സമ്മേളന നഗരിയിൽ മികച്ച ഭക്ഷണവും താമസവും മറ്റ് ഭൗതിക സാഹചര്യങ്ങളും ഒരുക്കാൻ സംഘാടക സമിതിയ്ക്ക് കഴിഞ്ഞു. കുന്നത്തുനാട് MLA അഡ്വ.പി.വി ശ്രീനിജിൻ ചെയർമാനും പ്രൊഫ. പി.ആർ.രാഘവൻ ജനറൽ കൺവീനറുമായ സമിതി തങ്ങൾക്ക് ലഭിച്ച ചുരുങ്ങിയ സമയം കൊണ്ടാണ് പരിഷത്തിന്റെ സംസ്ഥാനസമ്മേളനം വിജയിപ്പിക്കാൻ പരിശ്രമിച്ചത്. പരിഷത്ത് ജില്ലാ പ്രസിഡണ്ട് ഡോ.എൻ. ഷാജി, സെക്രട്ടറി അഡ്വ.കെ.പി. സുനിൽ എന്നിവരുടെ നേതൃത്വത്തിലുള്ള ടീം തോളോടു തോൾ ചേർന്ന് അവിശ്രമം പ്രയത്നിച്ചു. ഒന്നര മാസത്തോളം കാലം നാൽപ്പതോളം യുവസമിതി പ്രവർത്തകർ നല്ല പിന്തുണ നൽകി. 26 ലക്ഷത്തോളം രൂപയുടെ പരിഷത് പുസ്തകങ്ങൾ പ്രചരിപ്പിച്ചു. പുസ്തകത്തിന്റെ പണം സമ്മേളന വേദിയിൽ വെച്ച് തന്നെ സംസ്ഥാന ട്രഷറർക്ക് കൈമാറി അവർ മാതൃക കാട്ടി. വിവിധ വിഷയങ്ങളിൽ സെമിനാറുകളും ശില്പശാലകളും അനുബന്ധമായി സംഘടിപ്പിച്ചിരുന്നു.
നവകേരളവും വിദ്യാഭ്യാസവും,
ഉൾനാടൻ മത്സ്യക്കൃഷി,
മാലിന്യപരിപാലനം :
ശാസ്ത്രീയമാതൃകകൾ ,
വിജ്ഞാന സമൂഹത്തിലേക്ക് ,
ഏകലോകം ഏകാരോഗ്യം
ക്ലാസ്സുകൾ,
ശാസ്ത്രോത്സവങ്ങൾ
ബാലോത്സവങ്ങൾ
സോപ്പ്, LED നിർമ്മാണ പരിശീലനങ്ങൾ എന്നിവ അവയിൽ ചിലതാണ്.
കേരള പഠനം, സിൽവർ ലൈൻ പഠനം എന്നിവയുടെ റിപ്പോർട്ട് യഥാക്രമം ഡോ.കെ.പി. അരവിന്ദനും ഡോ.ടി.ആർ സുമയും സമ്മേളനത്തിൽ അവതരിപ്പിച്ചു.
സിൽവർ ലൈൻ പഠന റിപ്പോർട്ട് അവതരിപ്പിക്കുമ്പോൾ വിദഗ്ധസമിതിയുടെ സാന്നിധ്യം ഉറപ്പാക്കിയിരുന്നു. പ്രതിനിധികളുടെ സംശയങ്ങൾക്ക് ഡോ.കെ.വി.തോമസ്, ഡോ.കെ.ശ്രീകുമാർ , ഡോ.കെ. വിദ്യാസാഗർ എന്നിവർ വിശദീകരണം നൽകി.

പിടിബി അനുസ്മരണ പ്രഭാഷണം ‘നവകേരളത്തിന് ഒരു സാംസ്കാരിക പരിപ്രേക്ഷ്യം ‘ എന്ന വിഷയത്തെ അധികരിച്ച് സംസാരിച്ചത് ഡോ. അനിൽ ചേലേമ്പ്ര ആയിരുന്നു. മികച്ച നിലവാരം പുലർത്തിയ പ്രസംഗമായിരുന്നു അദ്ദേഹത്തിന്റേത്.
സമ്മേളനം ഉദ്ഘാടനം ചെയ്തത് വിഖ്യാത ശാസ്ത്രജ്ഞനും ഉറുദു കവിയും ഡോക്യുമെന്ററി സംവിധായകനുമായ ഡോ. ഗൗഹർ റാസയായിരുന്നു. പരിഷത്ത് ദേശീയ നേതൃത്വത്തിലേക്ക് വരണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. പ്രഥമ പ്രധാനമന്ത്രിയുടെ ശാസ്ത്രീയവീക്ഷണത്തിൽ നിന്ന് നിലവിലെ പ്രധാനമന്ത്രിയുടെ അബദ്ധജടിലമായ വർത്തമാനങ്ങളിലേക്ക് ശ്രദ്ധ ക്ഷണിച്ച അദ്ദേഹം കേരളം രാഷ്ട്രീയ പ്രബുദ്ധതയുടെ ഒരു തുരുത്ത് ആണെന്നും അങ്ങനെ ഒറ്റപ്പെട്ട് നിൽക്കാതെ വികസിക്കേണ്ടതുണ്ടെന്നും പറഞ്ഞു. കേരളത്തിന്റെ വികസനത്തിൽ പരിഷത്ത് നിർവഹിച്ച പങ്ക് നിസ്തുലമാണെന്നും പരിഷത്തിന്റെ ശക്തി അഭിമാനാർഹമാണെന്നും കൂട്ടിച്ചേർത്തു.
സിൽവർ ലൈൻ സംബന്ധിച്ചത് ഉൾപ്പെടെ 5 പ്രമേയങ്ങൾ സമ്മേളനം അംഗീകരിച്ചു. സിൽവർ ലൈൻ കേരളത്തിന്റെ ഗതാഗത വികസനത്തിലെ മുൻഗണനയല്ലെന്നും ഈ വിഷയം വിദഗ്ധരുമായും ജനങ്ങളുമായും ചർച്ച ചെയ്യാൻ സർക്കാർ തയ്യാറാകണമെന്നും സമ്മേളനം അംഗീകരിച്ച പ്രമേയം ആവശ്യപ്പെട്ടു. പരിസ്ഥിതിലോല മേഖലയിൽ നിയന്ത്രണമേർപ്പെടുത്തുമ്പോൾ ജനങ്ങളുടെ അടിസ്ഥാനാവശ്യങ്ങൾ ലംഘിക്കരുത് , ആദിവാസി മേഖലകളിലേക്കുള്ള പ്രവേശനം വിലക്കിക്കൊണ്ടുള്ള സർക്കാർ ഉത്തരവ് പുന:പരിശോധിക്കണം, വർധിച്ചുവരുന്ന രോഗാതുരതയുടെ പശ്ചാത്തലത്തിൽ പൊതുജനാരോഗ്യ സംവിധാനങ്ങൾ വിപുലീകരിക്കുകയും കാര്യക്ഷമമാക്കുകയും വേണം, ഔഷധ വില വർധന പിൻവലിക്കുകയും ജനകീയ ഔഷധനയം നടപ്പാക്കുകയും വേണം എന്നീ പ്രമേയങ്ങളാണ് സമ്മേളനം അംഗീകരിച്ചത്. പ്രൊഫ.ടി.പി. കുഞ്ഞികണ്ണൻ, വി.വിനോദ്, ഡോ. ടി.ആർ.സുമ, സി.പി.സുരേഷ് ബാബു, ടി.സത്യനാരായണൻ എന്നിവരാണ് പ്രമേയങ്ങൾ അവതരിപ്പിച്ചത്.
പ്രസിഡണ്ടിന്റെ ആമുഖം,
വാർഷിക റിപ്പോർട്ട്, കണക്ക്, ആഡിറ്റ് റിപ്പോർട്ട്, സംഘടനാ രേഖ , ഭാവി പ്രവർത്തന നിർദേശങ്ങൾ എന്നിവയും അവതരിപ്പിച്ച് അംഗീകരിച്ചു.
കൂടുതൽ അജണ്ടകളും കുറഞ്ഞ സമയവും എന്നതായിരുന്നു ഈ വാർഷികത്തിന്റെ പ്രധാന പരിമിതി. പ്രതിനിധിസമ്മേളനം 2ദിവസമാക്കി ചുരുക്കിയത് അജണ്ട തീർക്കാൻ ബുദ്ധിമുട്ടുണ്ടാക്കി. രണ്ടാം ദിവസത്തെ സമ്മേളനം രാത്രി 8 വരെ നീണ്ടു നിന്നു. ഭാവിപ്രവർത്തന പരിപാടികളിൽ മാത്രമാണ് സമ്മേളന നഗരിയിൽ ചർച്ച നടന്നത്. വാർഷിക റിപ്പോർട്ടിലും സംഘടനാരേഖയിലുമുള്ള ചർച്ചകൾ ജില്ലാതലത്തിൽ നടത്തി റിപ്പോർട്ടുമായാണ് പ്രതിനിധികൾ സമ്മേളനത്തിന് എത്തിച്ചേർന്നത്.
എറണാകുളം ജില്ലയിലെ അങ്കമാലി മേഖലയിലെ യുവസമിതി പ്രവർത്തകർ അവതരിപ്പിച്ച ‘ഇന്ത്യയുടെ മകൾ ‘ എന്ന നാടകം മികച്ച നിലാവാരം പുലർത്തി. എം.എം. സചീന്ദ്രൻ രചിച്ച നാടകത്തിന്റെ സന്ദേശം അതിശക്തമായി കാണികളിലെത്തിക്കാൻ അവർക്ക് കഴിഞ്ഞു.
പുതിയ ഭാരവാഹികളായി ബി.രമേശ് തിരുവനന്തപുരം (പ്രസിഡണ്ട് ), ജോജി കൂട്ടുമ്മേൽ – കോട്ടയം (ജനറൽ സെക്രട്ടറി), എം.സുജിത്ത്- കണ്ണൂർ (ട്രഷറർ), ഡോ.ഇ.കെ. ബ്രിജേഷ്, ടി. ലിസി (വൈസ് പ്രസിഡന്റുമാർ), പി.രമേഷ് കുമാർ , ടി. പ്രദോഷ്, എൽ ഷൈലജ (സെക്രടറിമാർ ) എന്നിവരെ സമ്മേളനം ഏകകണ്ഠമായി തെരഞ്ഞെടുത്തു.

പി ടി ബി സ്മാരക പ്രഭാഷണം ഇവിടെ കാണാം