ഫ്രണ്ട്സ് ഓഫ് കെ എസ്‌ എസ്‌ പി, യു.എ.ഇ. യുടെ 16-മത് സംഘടനാ വാർഷികം

ഫ്രണ്ട്സ് ഓഫ് കെ എസ്‌ എസ്‌ പി, യു.എ.ഇ. യുടെ 16-മത് സംഘടനാ വാർഷികം 02/07/2021 ന് സൂം ക്ലൗഡ് പ്ലാറ്റ് ഫോമിൽ നടന്നു. ബാലവേദി അംഗം സഫ്ന നൗഷാദ് ആലപിച്ച എന്തിന്നധീരത… എന്ന ഗാനത്തോടെ ആരംഭിച്ച വാർഷിക പരിപാടികൾക്ക് വൈസ് പ്രസിഡന്റ് ഡോഃ സിനി അച്യുതൻ സ്വാഗതം ആശംസിച്ചു. അദ്ധ്യക്ഷത വഹിച്ചത് സംഘടനാ പ്രസിഡന്റ് ധനേഷ് കുമാർ ആണ്.
ജ്ഞാനസമൂഹ നിർമ്മിതിയും ഉന്നത വിദ്യാഭ്യാസവും എന്ന വിഷയം അവതരിപ്പിച്ചുകൊണ്ട് ശാസ്ത്രഗതി അസോസിയേറ്റ് എഡിറ്റർ ഡോഃ രതീഷ് കൃഷ്ണൻ ഉദ്ഘാടന പ്രഭാഷണം നടത്തി. എന്താണ് ജ്ഞാനസമൂഹമെന്നും ഉന്നതവിദ്യാഭ്യാസമേഖല എങ്ങിനെ ഇതുമായി ബന്ധപ്പെട്ടു കിടക്കുന്നു എന്നും വിശദീകരിച്ചാണ് രതീഷ് കൃഷ്ണൻ ഉദ്ഘാടന പ്രഭാഷണം തുടങ്ങിവെച്ചത്. തുടർന്ന് അദ്ദേഹം കണ്ടുപിടുത്തങ്ങളുടെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട്, വ്യക്തിയുടെ സ്വകാര്യപകർപ്പാവകാശങ്ങളുടെയും, ബൗദ്ധികാവകാശം പൊതുസ്വത്താവുന്നതിന്റെയും നൈതികതയുമായി ബന്ധപ്പെട്ട കാര്യങ്ങളും രണ്ടിനെയും എങ്ങിനെ വ്യത്യസ്ത രീതികളിൽ കൈകാര്യം ചെയ്യണമെന്നും വിശദീകരിക്കുകയുണ്ടായി. ഉദ്ഘാടന സെഷന് ട്രഷറർ അരുൺ കെ ആർ നന്ദി പ്രകാശിപ്പിച്ചു.

ആഷിക് അവതരിപ്പിച്ച അനുശോചന പ്രമേയത്തോടെയാണ് പ്രതിനിധി സമ്മേളനം ആരംഭിച്ചത്. 2019-20-21 വർഷത്തെ പ്രവർത്തന റിപ്പോർട്ട് കോർഡിനേറ്റർ മുരളിയും വരവ് ചെലവ് കണക്കുകൾ ട്രഷറർ അരുൺ കെ ആർ അവതരിപ്പിച്ചു. ഇൻ്റേണൽ ഓഡിറ്റർ അസ്ളം ഓഡിറ്റ് റിപോർട് അവതരിപ്പിച്ചു. ഭാവി പ്രവർത്തന രേഖ ഗഫൂർ കൊണ്ടോട്ടി അവതരിപ്പിച്ചു. ഫ്രണ്ട്സ് ഓഫ് കെ എസ്‌ എസ്‌ പി യുടെ പുതുക്കിയ വെബ്സൈറ്റ് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പ്രസിഡന്റ് എ.പി.മുരളീധരൻ നിർവ്വഹിച്ചു. തുടർന്ന് സംഘടന പ്രവർത്തനങ്ങളെക്കൂറിച്ച് ഹൃസ്വമായി വിശദീകരിക്കുകയും വാർഷികത്തിന് അഭിവാദ്യങ്ങൾ അർപ്പിക്കുകയും ചെയ്തു.

റിപ്പോർട്ടിന്മേലും ഭാവിപ്രവർത്തന രേഖയിലും നടന്ന ചർച്ചകൾക്ക് ധനേഷ്, മുരളി എന്നിവർ മറുപടി നൽകി. ‌കേന്ദ്ര നിർവ്വാഹക സമിതി അംഗം ടി.ഗംഗാധരൻ സമ്മേളനത്തെ അഭിസംബോധന ചെയ്തു സംസാരിച്ചു പുതിയ ഭാരവാഹികളുടേയും 44 അംഗ സംഘടനാക്കമ്മിറ്റി അംഗങ്ങളെയും തെരഞ്ഞെടുത്തു…

പ്രസിഡന്റ് – ഡോഃ സിനി അച്യുതൻ
വൈസ് പ്രസിഡന്റ് – റൂഷ്‌ മെഹർ
കോഡിനേറ്റർ – അരുൺ നെടുമങ്ങാട്
ജോയിന്റ് കോഡിനേറ്റർമാർ – 1 സുനിൽ ഇ പി   2 അജയ് സ്റ്റീഫൻ
ട്രഷറർ – ഗഫൂർ കൊണ്ടോട്ടി

സമ്മേളനത്തിൽ താഴെ പറയുന്ന മൂന്ന് പ്രമേയങ്ങൾ അവതരിപ്പിച്ചു.

1. 1961-ലെ സ്ത്രീധന നിരോധന നിയമം നിലവില്‍ വന്നിട്ട് ആറ് പതിറ്റാണ്ട് പിന്നിട്ടിരിക്കുന്നു. നിലവിലുള്ള നിയമത്തിലും പരിപാലനത്തിലും കാലാനുസൃതമായ മാറ്റങ്ങള്‍ വരുത്താന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും അവശ്യം വേണ്ട നിർദേശങ്ങളും സമ്മേളനം മുന്നോട്ട് വച്ചു.

2. കോവിഡ് വ്യാപനത്തെത്തുടർന്ന് ഇന്ത്യയിൽ കുടുങ്ങിപ്പോയ പ്രവാസികളുടെ യാത്രാപ്രശ്നം പരിഹരിക്കാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ അടിയന്തിരമായി ഇടപെടണം.

3. പൊതുമേഖലാ സ്ഥാപനങ്ങളിൽ ആധുനിക ജനിതക വാക്സിനുകൾ ഉല്പാദിപ്പിക്കാനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കാനും കോവിഡ് വാക്സിൻ യുദ്ധകാലാടിസ്ഥാനത്തിൽ രാജ്യത്തു തന്നെ ഉല്പാദിപ്പിക്കാനും ഇപ്പോഴത്തെ വാക്സിൻ നയം തിരുത്തി രാജ്യത്തെ അർഹരായ എല്ലാവർക്കും എത്രയുംവേഗം കോവിഡ് വാക്സിൻ സൗജന്യമായി വിതരണം ചെയ്യാനും കേന്ദ്രസർക്കാർ അടിയന്തിര നടപടികൾ സ്വീകരിക്കണം.

അനിൽ, ഷീന, രാജശേഖരൻ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു ബാലവേദി അംഗങ്ങളായ ആത്മജ്, സൈറ എന്നിവരുടേയും പ്രവർത്തനകരായ ദിവാകരൻ, അനീഷ് മാരാരിക്കുളം എന്നിവരുടേയും പാട്ടുകൾ വാർഷിക കൂടിച്ചേരലിന് കൂടുതൽ മിഴിവേകി.

പുതിയ കോർഡിനേറ്റർ അരുൺ കെ ആർ സമ്മേളനത്തെ അഭിസംബോധന ചെയ്യുകയും നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു.