കളിവീട് രണ്ടാം ഭാഗം

 

യു.എ. ഇ. യിൽ രണ്ടുമാസത്തെ, എല്ലാ ശനിയാഴ്ചകളിലുമായി സംഘടിപ്പിക്കുന്ന കളിവീട് സമ്മർ ക്യാംപ് തുടരുന്നു…

സോക്കർ വേൾഡ് എന്ന പേരിൽ ഫുട്ബോളിനെ കേന്ദ്രീകരിച്ച് രണ്ട് മണിക്കൂർ നീണ്ട ഒരു പരിപാടിയായി കഴിഞ്ഞ ശനിയാഴ്ച (10 -07 – 2021) കളിവീടിന്റെ രണ്ടാം ഭാഗം സംഘടിപ്പിക്കപ്പെട്ടു.

ക്യാമ്പിന്റെ ആദ്യ ഭാഗം , ഷാർജയിലെ ഉമറ്റീച്ചർ “വായനശാല” എന്ന segment ൽ കുട്ടികളുമായി വളരെ ഹൃദ്യമായ ഒരു സംവാദസമയം ഉണ്ടാക്കിയെടുത്തു. ഉമ ടീച്ചർ, ബഷീറിന്റെ 27 മത്തെ ചരമവാർഷികവുമായി ബന്ധപ്പെടുത്തി ബഷീറിനെ കുറിച്ചും, ബഷീർ പുസ്തകങ്ങളെ കുറിച്ചുമൊക്കെ കുട്ടികളുമായി സംസാരിച്ചു. ബഷീറിന്റെ മാന്ത്രികപ്പൂച്ച എന്ന കഥ ടീച്ചർ പറഞ്ഞുകൊടുക്കുകയും, അതിൻ്റെ അവസാന ഭാഗം എന്തായിരിക്കുമെന്ന് കുട്ടികൾ തന്നെ കണ്ടുപിടിക്കുവാൻ, അവർക്കത് വിട്ടുകൊടുത്തുകൊണ്ടതിനെ വളരെ രസകരമായ ഒരു സെഷനാക്കിതീർക്കുവാൻ ആയി.

അതിനു ശേഷം പാട്ടുകളുമായി ദുബായിൽ നിന്നും ഷോബിൻ ക്യാംപിൽ ചേർന്നു. കാവാലം നാരായണ പണിക്കരുടെ കുമ്മാട്ടിപ്പാട്ട് വളരെ രസകരമായി, കുട്ടികളെ കൊണ്ട് ഏറ്റുപാടിപ്പിച്ച് ഷോബിൻ മനോഹരമായ ഒരു പാട്ടുകൂട്ടം ക്യാംപിൽ ഓൺലൈനായി ഉണ്ടാക്കിയെടുത്തു.

അതിനു ശേഷമായിരുന്നു ക്യാംപിന്റെ ഒരു പ്രധാന ഇനമായിരുന്ന ഫുട്ബോൾ കളിയെ കുട്ടികൾക്ക് പരിചയപ്പെടുത്തുന്ന ഭാഗം കളിക്കളം എന്ന segmentൽ ഷെറീൻ വിജയൻ അവതരിപ്പിച്ചത്. ഉചിതമായ വീഡിയോകളുടെ സഹായത്തോടെ, കുട്ടികളുമായി സംവദിച്ചുകൊണ്ട് തന്നെ ആ ഭാഗം വളരെ രസകരമാക്കി തീർക്കുവാനും കുട്ടികൾക്ക് ആവേശമുണ്ടാക്കാനും ആ കുറച്ചു നേരം കൊണ്ട് കഴിഞ്ഞു. ഓൺലൈൻ പരിമിതികളെ മറികടന്നുകൊണ്ട് തന്നെ അതിനെ പരമാവധി ഊർജ്ജസ്വലമാക്കാനും കഴിഞ്ഞു .
കുട്ടികൾക്ക് ഏറ്റവും ആവേശവും, ഉത്സാഹവും ഉണ്ടാക്കുന്ന ക്യാംപിന്റെ ഒരു പ്രധാന ഭാഗമായ “പരീക്ഷണശാല”യിൽ ദുബായിൽ നിന്നും ശ്രീജിത് അടുത്തതായി പങ്കു ചേർന്നു. കുട്ടികൾ പരീക്ഷണങ്ങൾ അപ്പോൾ തന്നെ ചെയ്യുകയും, ചോദ്യങ്ങൾ ചോദിക്കലും, മറ്റു പങ്കുവെയ്ക്കലുകളുമായി ആ segment വളരെ ഉത്സാഹത്തോട് കൂടിയാണ് മുന്നോട്ട് കൊണ്ടുപോയത്. വെള്ളത്തിന്റെ സാന്ദ്രത മനസ്സിലാക്കുവാൻ സാധാരണ വെള്ളത്തിലും ഉപ്പുവെള്ളത്തിലും ഒരു മുട്ട ഇട്ടുനോക്കുമ്പോൾ അതെങ്ങിനെ സാധാരണ വെള്ളത്തിൽ താണുപോകുകയും, ഉപ്പുവെള്ളത്തിൽ സാന്ദ്രത കൂടുമ്പോൾ അതെങ്ങിനെ പൊങ്ങിക്കിടക്കുന്നു എന്ന പരീക്ഷണമാണ് ചെയ്തത്.

അങ്ങിനെ ക്യാമ്പിന്റെ രണ്ടാമത്തെ ഭാഗവും വളരെ രസകരമായി, ആവേശം നിലനിർത്തിക്കൊണ്ടു തന്നെ അവസാനിച്ചു. ഏകദേശം 150  കുട്ടികൾ ഈ ക്യാമ്പിൽ ഓൺലൈനായി പങ്കെടുക്കുകയുണ്ടായി.
കുട്ടികൾക്ക് അവർ ചെയ്യുന്ന പരീക്ഷണനിരീക്ഷണങ്ങൾ പങ്കുവെക്കുവാൻ ഒരു ഗൂഗ്ൾ ക്ലാസ്റൂം ഉണ്ടാക്കുകയും, അതിലേക്ക് അവർ ഉത്സാഹത്തോടെ തന്നെ വീഡിയോകളും, ഫോട്ടോകളും ഷെയർ ചെയ്യാനും ആരംഭിച്ചിട്ടുണ്ട്.

അടുത്ത ശനിയാഴ്ചയ്ക്കായി ക്യാമ്പിന്റെ മൂന്നാമത്തെ ഭാഗം മറ്റൊരു രസകരമായ വിഷയവുമായി ഒരുങ്ങിക്കഴിഞ്ഞു…