കളിവീട് – മിഠായി മധുരം

കളിവീട് ഓൺലൈൻ സമ്മർ ക്യാംപിൻ്റെ ഭാഗമായി 24 / 07 / 2021, ശനിയാഴ്ച നടന്ന മിഠായിമധുരം എന്ന പേരിൽ, അദ്ധ്യാപകനും സാംസ്കാരികപ്രവർത്തകനുമായ ശ്രീ. സുനിൽ കുന്നരു നയിച്ച നാലാം ദിനക്യാംപ് അതിൻ്റെ വൈവിദ്ധ്യം കൊണ്ട് ശ്രദ്ധേയമായിരുന്നു.

കളിചിരിയിലൂടെ ശാസ്ത്രലോകത്തേക്ക് എന്ന കളിവീട് ക്യാംപിൻ്റെ ഉദ്ദേശലക്ഷ്യത്തെ അന്വർത്ഥമാക്കുന്ന ഒരു ക്യാംപ് ദിനമാണ് സുനിൽ മാഷ് കുട്ടികൾക്ക് സമ്മാനിച്ചത്.

ക്യാംപിൻ്റെ പതിവ് ചേരുവകൾ ഉൾപ്പെടുത്തി തയ്യാറാക്കിയ രണ്ട് മണിക്കൂർ പരിപാടി കുട്ടികളുടെ മുഴുവൻ പങ്കാളിത്തവും ആവശ്യപ്പെടുന്ന തരത്തിലുള്ളതായിരുന്നു. ഓൺലൈൻ പരിമിതികളെ തന്നെ മറ്റൊരു സാദ്ധ്യതയായി ഉപയോഗപ്പെടുത്തി, കുട്ടികൾക്ക് കളിക്കാനും ചിന്തിക്കാനും പരമാവധി വൈവിധ്യം നിറഞ്ഞതാക്കാനും മാഷ് പ്രത്യേകം ശ്രദ്ധിച്ചിരുന്നു.

നൂറ്റിനാൽപ്പതോളം കുട്ടികൾ പാട്ട്, സാഹിത്യം, കളിയുടെയും ശാസ്ത്രത്തിൻ്റെയും പ്രവർത്തനങ്ങൾ, Role -Play, നൃത്തം തുടങ്ങി എല്ലാ മേഖലകളിലും ആർത്തുല്ലസിച്ചു കൊണ്ട് കമ്പ്യൂട്ടർ സ്ക്രീനിൽ നിറഞ്ഞുനിന്നു.

ലളിത സുന്ദരമായ കഥ പറയുന്നതിലൂടെ കുട്ടികളെ വായനയുടെ ലോകത്തേക്കും, വീട്ടുകാര്യങ്ങളിൽ നാം ഓരോരുത്തരും ലിംഗഭേദമില്ലാതെ വഹിക്കേണ്ട ഉത്തരവാദിത്വത്തെക്കുറിച്ചും മാഷ് കുട്ടികളിലേക്ക് ആശയങ്ങളുടെ മഴവിൽ നിറങ്ങൾ വിരിച്ചു.

ചെറു ശാസ്ത്ര പരീക്ഷണങ്ങളെല്ലാം തന്നെ കുട്ടികളിൽ ശാസ്ത്ര ചിന്തകളെ ഉണർത്തുന്നതായിരുന്നു..

അങ്ങിനെ സുനിൽ മാസ്റ്ററുടെ “മിഠായി മധുരം ” കുട്ടികളുമായി ഓൺലൈനിൽ എത്രമാത്രം സംവദിക്കാനാവും എന്ന് മാഷ് കാട്ടിത്തന്നത്, മുതിർന്നവർക്കും ഒരു നവ്യാനുഭവമായി മാറി.

ഇതിനു മുമ്പ് നടന്ന “സോക്കർ വേൾഡ്” എന്ന ഫുടബോളിനെ പരിചയപ്പെടുത്തുന്നതും, മറ്റൊന്ന് “Hey Azimov” എന്ന് റോബോട്ടിക്സിനെ പരിചയപ്പെടുത്തി കൊണ്ടുമുള്ള ക്യാംപ് ദിനങ്ങൾ കുട്ടികൾക്ക് ഏറെ ആവേശകരമായിരുന്നു.

കളിവീട് ക്യാംപ് തുടരുകയാണ്. കളിചിരിയിലൂടെ ശാസ്ത്രലോകത്തേക്ക് എന്ന വാക്യത്തെ പ്രാവർത്തികമാക്കിക്കൊണ്ട് ഈ വേനലവധിക്കാലത്ത്, മുന്നോട്ടുള്ള യാത്രയിലാണ്.